തിരുവനന്തപുരം: കഴക്കൂട്ടത്തെ ലോഡ്ജിൽ നാലു വയസുകാരൻ മരിച്ച സംഭവം കൊലപാതകം. അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത് താനാണെന്ന് അമ്മയുടെ സുഹൃത്തായ തൻബീർ ആലം പോലീസിനോട് പറഞ്ഞു.
രണ്ട് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. കഴുത്തിൽ ടവ്വൽ മുറുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം.
ഞായറാഴ്ചയാണ് കഴക്കൂട്ടത്തെ ലോഡ്ജിൽവച്ച് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദാർ കൊല്ലപ്പെട്ടത്. മുന്നി ബീഗവും തൻബീർ ആലവും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിൽ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്ന് തൻബീർ മൊഴി നൽകി. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തൻബീറിന്റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.